ചെറുവാടി: ഗ്രാമസഭകളിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ വേറിട്ട ആശയവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ എസ്.എ. നാസർ. ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കുന്നവർക്കായി ഫിഫ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചാണ് കൊടിയത്തൂർ പഞ്ചായത്തിലെ 12-ാം വാർഡ് (പഴംപറമ്പ് ) ലെ ജനങ്ങളെ ആകർഷിക്കാൻ പുതിയ മാതൃക ഒരുക്കുന്നത്.
ലോകകപ്പിലെ വിജയികളെയും മത്സരഫലങ്ങളെയും പ്രവചിച്ച് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഗ്രാമസഭയിൽ പങ്കെടുക്കുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. കൃത്യമായ പ്രവചനം നടത്തുന്നവരിൽ നിന്ന് വിജയികളെ കണ്ടെത്തി ആകർഷകമായ സമ്മാനങ്ങളും നൽകും. ഒന്നാം സമ്മാനമായി 5000 രൂപയുടെ സാധനങ്ങളും, രണ്ടാം സമ്മാനമായി 3500 രൂപയുടെ സാധനങ്ങളും, മൂന്നാം സമ്മാനമായി ഫുട്ബോളുമാണ് നൽകുന്നത്.പ്രവചന മത്സരത്തിനുള്ള കൂപ്പണുകൾ വാർഡിലെ മുഴുവൻ വീടുകളിലും എത്തിച്ച് നൽകുന്നുണ്ട്. ഗ്രാമസഭയിൽ പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ലോകകപ്പ് ആവേശത്തെ ജനകീയ പരിപാടിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
വികസന പദ്ധതികൾ ചർച്ച ചെയ്യാനും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കാനുമുള്ള പ്രധാന വേദിയാണ് ഗ്രാമസഭയെന്ന് വാർഡ് മെമ്പർ എസ്.എ. നാസർ പറഞ്ഞു. ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഗ്രാമസഭ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക-കലാ രംഗങ്ങളിൽ സജീവമായ നിരവധി ക്ലബ്ബുകൾ പ്രവർത്തിക്കുന്ന പ്രദേശമാണ് പഴംപറമ്പ് മേഖലയെന്നും ഈ പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ മത്സരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഗ്രാമസഭകളിൽ നിന്ന് വ്യത്യസ്തമായി ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ആവേശവും ജനാധിപത്യ പങ്കാളിത്തവും ഒരുമിപ്പിക്കുന്ന ഈ ആശയം വാർഡിലും പഞ്ചായത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഗ്രാമസഭയെ ഒരു ഔപചാരിക യോഗം എന്നതിലുപരി ജനങ്ങളുടെ സജീവ പങ്കാളിത്തമുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമമായി നാട്ടുകാരും പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്.

