കൊടിയത്തൂർ: ജീവിത യാത്രയിൽ പരാതിയോ പരിഭവമോ പറയാതെ, പാരമ്പര്യമായി ലഭിച്ച തൊഴിൽ ജീവിതമാർഗമായി സ്വീകരിച്ച് അധ്വാനത്തിലൂടെ മുന്നേറിയ മൂസ കാരാട്ട് ഇനി ഓർമ്മ . മുള വർഗ്ഗത്തിൽ പെട്ട ഓട ഉപയോഗിച്ച് കുട്ട, മുറം, നെല്ല് ഉണക്കാൻ ഉപയോഗിക്കുന്ന പരമ്പ്, കൊട്ടക്കയിൽ തുടങ്ങി അടുക്കളയിലും വീടുകളിലും ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ സ്വന്തം വീട്ടിൽ നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ഒരു കാലത്ത് പറയ സമുദായത്തിലെ തൊഴിലാളികളുംമൂസയുടെ വീടിന് സമീപം കുടിൽ കെട്ടി ഈ പാരമ്പര്യ തൊഴിലിൽ പങ്കാളികളായിരുന്നു. ഇവർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ കാൽനടയായി സഞ്ചരിച്ച് മിതമായ നിരക്കിൽ മൂസക്കുട്ടി വിൽപ്പന നടത്തിയിരുന്നത്. ഇത്തരം വസ്തുക്കളുടെ നിർമ്മാണവും വില്പനയും വേരറ്റു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും തന്റെ തൊഴിൽ മൂസ കുട്ടി ജീവിതാവസാനം വരെ തുടർന്നു എന്നത് പുതുതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്നതാണ്. കാലം മാറിയതോടെ ഓടുകൊണ്ടുള്ള ഇത്തരം പരമ്പരാഗത ഉൽപ്പന്നങ്ങളുടെ ഉപയോഗവും നിർമ്മാണവും കുറഞ്ഞെങ്കിലും, പഴയ നാടിന്റെ ജീവിതത്തോടും സംസ്കാരത്തോടും ചേർന്നുനിന്ന മൂസക്കുട്ടിയുടെ ഓർമ്മകൾ നാട്ടുകാരുടെ മനസ്സിൽ നിലനിൽക്കും മൂസ കാരാട്ട് (ഫയൽ ചിത്രം)
