മാവൂർ: അരീക്കോട് ചാലിയാറിൽ നിന്ന് കാണാതായ പാലക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം മാവൂർ എളമരം കടവിൽ കണ്ടെത്തി. ഒറ്റപ്പാലം അഴിയൂർ തെട്ടിക്കുഴിയിൽ മാധവന്റെ മകൻ ദിലീപ് എം. (33) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് എളമരം കടവിൽ മൃതദേഹം കണ്ടെത്തിയത്. മാവൂർ പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു.
കോഴിക്കോട് ഈസ്റ്റേൺ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ദിലീപ്. രണ്ട് ദിവസം മുമ്പ് ദിലീപിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പാലക്കാട് കോങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
