മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മാടാമ്പുറം വളവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാർ, ഓട്ടോറിക്ഷ, മിനി പിക്കപ്പ് വാൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ ഇടയിൽ മൂന്ന് വാഹനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ആളപായ വിവരങ്ങളോ പരിക്കുകളുടെ വ്യാപ്തിയോ നിലവിൽ ലഭ്യമായിട്ടില്ല.
അപകടം നടന്ന ഉടൻതന്നെ പ്രദേശവാസികളും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണ് മാടാമ്പുറം വളവ്. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അപകടകരമായ തിരിവുമാണ് ഇവിടെ തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീണ്ടും വൻ അപകടമുണ്ടായത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
