മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യമിട്ട് സി.കെ. കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന TREE (Thiruvambady Resources for Educational Excellence) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച TREE NMMS School-Level Entry Exam വിജയകരമായി പൂർത്തിയായി.
ഇന്ന് (സെപ്റ്റംബർ 12) മുക്കം ഓർഫനേജ് സ്കൂളിൽ നടന്ന സെലക്ഷൻ പരീക്ഷയിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 500ഓളം വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 9 മുതൽ 11.30 വരെയായിരുന്നു പരീക്ഷ.
ദേശീയ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (NMMS) നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള TREE പദ്ധതിയുടെ ഭാഗമായാണ് സ്കൂൾതല എൻട്രി പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് തുടർന്നും വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും അക്കാദമിക് പിന്തുണയും നൽകും.
വിദ്യാർഥികളുടെ ആത്മവിശ്വാസവും പഠനത്തോടുള്ള താൽപ്പര്യവും പ്രകടമാക്കിയ പരീക്ഷ ശ്രദ്ധേയമായി. NMMS സ്കോളർഷിപ്പ് സ്വന്തമാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് തുടർന്നുള്ള ഘട്ടങ്ങളിലും ആവശ്യമായ പരിശീലനവും പിന്തുണയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവമ്പാടി മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ദേശീയതലത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങളിലേക്ക് കൂടുതൽ മികച്ച രീതിയിൽ മുന്നേറാൻ അവസരമൊരുക്കുകയാണ് TREE പദ്ധതിയുടെ ലക്ഷ്യം.
