മുക്കം: വർഷങ്ങളായി കുമാരനല്ലൂർ പ്രദേശവാസികൾ കാത്തിരുന്ന മുക്കം–കുമാരനല്ലൂർ–ഗെയ്റ്റുംപടി–തിരുവമ്പാടി റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു.
‘പ്രിയദർശിനി’ എന്ന പേരിലാണ് സർവീസ് ആരംഭിച്ചത്.
വർഷങ്ങളായി മുടങ്ങിക്കിടന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന് നിവേദനം നൽകിയിരുന്നു. എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സർവീസ് അനുവദിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനല്ലൂർ അങ്ങാടിയിൽ സ്വീകരണം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് കുമാരനല്ലൂരിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത്, വാർഡ് മെമ്പർ ജംഷിദ് ഒളകര എന്നിവർ ചേർന്ന് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ആബിദ് കുമാരനല്ലൂർ, ബഷീർ കക്കാട്, നിഷാദ് വീച്ചി, കെ.എം. അഷ്റഫ് അലി, അംജത് ഖാൻ യു.കെ, ഉമ്മർ എ.പി, ചതുക്കൊടി മുഹമ്മദ് ഹാജി, പി.ടി. സുബൈർ, മോഹൻദാസ് കെ, ഹബീബ് ഒളകര, മമ്മു പോക്കർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

