മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ഒൻപത് മാസമായി അധികാരത്തിലുള്ള ഇടതുപക്ഷ ഭരണസമിതി അടിസ്ഥാന ഭരണകാര്യങ്ങളിൽ പോലും പരാജയപ്പെട്ടുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി ആരോപിച്ചു.
കർഷകർക്ക് കാലവർഷം കണക്കിലെടുത്ത് നേരത്തെ നൽകേണ്ടിയിരുന്ന വളം വിതരണം വൈകുന്നതും, ജലനിധി പദ്ധതിക്കായി പൊളിച്ച റോഡുകളും ഇടറോഡുകളും പുനഃസ്ഥാപിക്കാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആശാവർക്കർ നിയമനത്തിൽ അട്ടിമറി നടത്തിയെന്നും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളോട് ഭരണസമിതി അവഗണന കാണിക്കുന്നുവെന്നും മുസ്ലിം ലീഗ് ആരോപിച്ചു.പഞ്ചായത്തിലെ വിവിധ പ്രശ്നങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് സമരപരിപാടികളുടെ ആദ്യഘട്ടമായി പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. സുബൈർ ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി, ട്രഷറർ പി.സി. ബഷീർ, യൂനുസ് പുത്തലത്ത്, എം.ടി. സെയ്ദ് ഫസൽ, കെ. കോയ, മുനീർ ആലിങ്ങൽ, അമിന ബാനു, ഹസീന ബഷീർ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.

