Flash News

കരകാണാ കടൽ

✍️ ഗിരീഷ് കാരക്കുറ്റി 

ആരാണെന്നറിയില്ല, ഇന്നലത്തെ സായം സന്ധ്യയിൽ കോഴിക്കോട് കടപ്പുറത്ത്  തിരമാലകൾക്കൊപ്പം കളിക്കുന്ന  ആ കുഞ്ഞിനെ കണ്ടപ്പോൾ പകർത്തിയതാണ് ഞാൻ.


അവൻ വലിയ ആഹ്ലാദ  തിമിർപ്പിലാണ്. കടലും കടൽ തിരകളെയും കണ്ടവൻ ആസ്വദിക്കുകയാണ്. കയ്യിലെ കപ്പിൽ വെള്ളം കോരി കടലമ്മയുടെ മാറിടത്തിലേക്ക് കോരിയൊഴിച്ച്  കടലമ്മയോട് കിന്നാരം പറയുകയാണവൻ. ഇന്നത്തെ സായാഹ്നം അവൻ്റെ കുഞ്ഞുമനസ്സിൽ ഒരുപാട് സംശയങ്ങൾ നാമ്പിട്ടിട്ടുണ്ടാവും. തിരികെ പോകുമ്പോൾ അമ്മയോട് ഓരോ സംശയങ്ങളും പങ്കുവെച്ചിട്ടുണ്ടാവും.

എൻ്റെ ബാല്യകാലത്തിൽ  കടലമ്മയെ ആദ്യമായി  കണ്ണു നിറയെ കണ്ടപ്പോൾ എൻ്റെ മനസ്സിൽ മുളച്ചു പൊന്തിയ ചോദ്യങ്ങൾ അവൻ്റെ മനസ്സിലും കടൽത്തിരകളെ പോലെ നുരഞ്ഞ് പൊന്തിയിട്ടുണ്ടാവും..

എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് കടൽ കാഴ്ച. ആർത്തിരമ്പുന്ന തിരമാലകളെ ഒറ്റയ്ക്കിരുന്ന്  നോക്കിയിരിക്കാൻ എന്ത് രസമാണെന്നോ.., നോക്കത്താദൂരത്ത് വെള്ളിച്ചില്ലുകൾ വിതറി കുഞ്ഞോളങ്ങളായി ഓടിക്കിതച്ച് കൂട്ടുകാരെയും കൂട്ടി ഒന്നിച്ചൊന്നായി മത്സരിച്ച് കൂടിചേർന്ന്  കൂറ്റൻ തിരമാലകളായി കരയെ ആലിംഗനം ചെയ്യുന്ന കാഴ്ച കണ്ടിരിക്കാൻ നല്ല രസമാണ്.

കുട്ടിക്കാലത്ത് ആദ്യമായി കടൽ കാണുന്നത് കൊടിയത്തൂർ ജി എം യു പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോളാണ്. സ്കൂളിൽ നിന്ന് ടൂറിന് പോയപ്പോൾ നഗര കാഴ്ചകളിൽ കൗതുകം ഉണർത്തിയ മാതൃഭൂമി പ്രസ്സും ,സോപ്പ് കമ്പനിയും,സ്റ്റീൽ കോംപ്ലക്സും,കൈത്തറി മില്ലും, ആകാശവാണി കോഴിക്കോടും,വാർത്തകൾ വായിക്കുന്ന ശിക്ഷമ്മയെഴും, കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന കടപ്പുറവും എല്ലാം  കരിന്തിരിക്കത്താത്ത ഓർമ്മച്ചെപ്പിൽ തെളിഞ്ഞുവരുന്നു.

സായംസന്ധ്യകളിൽ  പടിഞ്ഞാറൻ അറബിക്കടലിന്റെ ആഴക്കടലിലേക്ക് ചുവന്ന സൂര്യനെ  മുക്കിത്താഴ്ത്തുമ്പോൾ  ചെങ്കടലായി മാറുമ്പോൾ,എങ്ങും ഇരുൾ പരക്കുമ്പോൾ തണുത്ത കടൽക്കാറ്റെന്നെ തഴുകുമ്പോൾ കോരിത്തരിച്ചു പോകും... കടലേ നീ എത്ര സുന്ദരിയാണ്....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)