പുകവലിവിമുക്ത ഗ്രാമത്തിന്റെ മാതൃകയിൽ ഇനി ‘തൂഫാൻ തണ്ടർ ഡ്രൈവ്’…ലഹരിക്കെതിരായ പുതിയ പോരാട്ടത്തിന് കൂളിമാട്ടിൽ തുടക്കമാകുന്നു.
✒️:സഫറുള്ള കൂളിമാട്
കൂളിമാട്: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആഭ്യന്തരവകുപ്പിന് കീഴിൽ ആരംഭിച്ച തൂഫാൻ ദി നർക്കോട്ടിക് ഹണ്ട് ന്റെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ പുകവലിവിമുക്ത ഗ്രാമമായ കൂളിമാടും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അക്ഷര കുളിമാടും ക്യാൻസർ പോലെ പടർന്നു പിടിക്കുന്ന ലഹരിയുടെ വലയങ്ങളിൽ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കുവാൻ തൂഫാൻ തണ്ടർ ഡ്രൈവ് എന്ന പേരിൽ സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നുകൊണ്ട് കൂളിമാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണവും, നിർമാർജന പ്രവർത്തനങ്ങളും മുൻനിർത്തിക്കൊണ്ട് ക്യാമ്പയിൻ ആചരിക്കുകയാണ്.
അക്ഷര കുളിമാടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജനകീയ അവലോകന സദസ്സിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വേണ്ടി തൂഫാൻ തണ്ടർ ഡ്രൈവ് എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
ഒക്ടോബർ 2 വെള്ളി രാവിലെ 7:30ൻ കൂളിമാട് പാലത്തിനു അടിയിലുള്ള വയോജന പാർക്കിൽ തൂഫാൻ തണ്ടർ ഡ്രൈവിന്റെ ലോഞ്ചിംഗ് നടക്കും. കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ എം എ റസാക്ക് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.സിറ്റി പോലീസ് കമ്മീഷണർ എ പി.ഷൗക്കത്തലി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്,ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ തുടങ്ങിയവർ പങ്കെടുക്കും.