കോഴിക്കോട്: വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കോൺക്ലേവ് ഇന്ന് കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നടക്കുന്ന പരിപാടി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദീഖ്, റവന്യൂ മന്ത്രി എ.പി അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ വിവിധ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വിദഗ്ധർ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, കർഷകർ എന്നിവരും പങ്കെടുക്കും.
മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലും കൃത്യമായ നഷ്ടപരിഹാരം ലഭിക്കാത്ത പശ്ചാത്തലത്തിലുമാണ് കോൺക്ലേവ് വിളിച്ചുചേർത്തിരിക്കുന്നത്. പരമ്പരാഗത പ്രതിരോധ പ്രവർത്തനങ്ങൾക്ക് അപ്പുറം പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കർഷക സുരക്ഷ ഉറപ്പാക്കാനും വന്യജീവി ആക്രമണങ്ങൾ ഒഴിവാക്കാനുമുള്ള നൂതന പദ്ധതികളും ശാസ്ത്രീയ പരിഹാരങ്ങളും രൂപീകരിക്കുകയാണ് കോൺക്ലേവിൻ്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായി തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ തുടർച്ചയായി വരും ദിവസങ്ങളിൽ മറ്റ് ജില്ലകൾ കേന്ദ്രീകരിച്ചും ഇത്തരം പരിപാടികൾ നടപ്പിലാക്കാൻ പദ്ധതിയുണ്ട്.
അതേസമയം, മേഖലയിലെ ഇഎസ്എ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഈ കോൺക്ലേവ് പൂർണമായും ബഹിഷ്കരിച്ച് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
