മുക്കം: തുടർച്ചയായ വൈദ്യുതി മുടക്കം വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്നതായി ആരോപിച്ച് മുക്കത്ത് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുക്കം കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി ധർണ്ണ സംഘടിപ്പിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുക്കം ടൗണിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. വൈദ്യുതി മുടക്കം മൂലം വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.
പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെഎസ്ഇബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ വ്യാപാരി സമിതി ഏരിയ സെക്രട്ടറി എൻ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രതിഷേധം സൂചന മാത്രമാണെന്നും വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം വ്യാപാരി സമൂഹത്തെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുൽഫി കൈരളി അധ്യക്ഷനായി. ബാബു വെള്ളാരംകുന്ന്, സി.ടി. നളേശൻ, സജീഷ് വായലത്ത് തുടങ്ങിയവർ സംസാരിച്ചു.
ശശി ഊരാളുങ്കൽ, വിജയൻ ചില്ലാനം, ഷിബു കല്ലൂർ, ഹാറൂൺ റഷീദ്, ആബിദ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
