മുക്കം: ചെറുവാടിയിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി പേരുടെ ആശ്രയമായ ചെറുവാടി ഖിലാഫത്ത് മിനി സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് തുടക്കമായി. പ്രക്ഷോഭത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ പ്രക്ഷോഭ ചങ്ങല തീർത്തു.
നാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുകയും യുവജനങ്ങൾക്ക് മികച്ച കായികസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ട സ്റ്റേഡിയത്തിന്റെ നവീകരണം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നത് കായികപ്രേമികളിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.നാടിന്റെ പൊതുവായ ആവശ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്മ പ്രവർത്തകരായ ജമാൽ ചെറുവാടി, ഹസ്സൻ ചെറുവാടി, റഹീം കണിച്ചാടിക്കുയിൽ, ഷറഫലി പുത്തലത്ത്, ഷൈബിൻ പൊറ്റമ്മൽ, സലാഹുദ്ദീൻ വേണയിക്കോട്, അസ്കർ കൊട്ടുപുറത്ത്, അസ്സു കണിച്ചാടി, ഇബ്രാഹിം, അഷ്റഫ് കൊളക്കാടൻ, സലീം കുറുവാടങ്ങൽ, ഇർഷാദ്, കണ്ണൻ ചെറുവാടി, സി.വി. ലുക്കുമാൻ, നിയാസ് ചെറുവാടി എന്നിവർ നേതൃത്വം നൽകി.
