എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലെ യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരമായി. ശാശ്വത പരിഹാരത്തിനും സ്റ്റാൻഡ് നവീകരണത്തിനും അധികൃതരുടെ പദ്ധതി എന്താണ്?
റിപ്പോർട്ട്: Nattu Media
ന്യൂസ് ഡെസ്ക്| എടവണ്ണപ്പാറ
എടവണ്ണപ്പാറ: എടവണ്ണപ്പാറ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ രൂപപ്പെട്ടിരുന്ന രൂക്ഷമായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും ബസുകളും കയറിയിറങ്ങുന്ന പ്രധാന പ്രവേശന കവാടത്തിലാണ് വെള്ളം കെട്ടിനിൽക്കുന്നത് വലിയ ദുരിതമായി മാറിയിരുന്നത്. ഇതുസംബന്ധിച്ച് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും വ്യാപാരികളും ഇടപെട്ട് അടിയന്തര പരിഹാരം കാണുകയായിരുന്നു.
സ്റ്റാൻഡിൽ നിന്നും ബസ്സുകൾ പുറത്തേക്ക് പോകുന്ന ഭാഗത്താണ് വെള്ളക്കെട്ട് മൂലം യാത്രാക്ലേശം രൂക്ഷമായത്. വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് യാത്രക്കാരുടെ വസ്ത്രങ്ങൾ ആഴാക്കാകുന്നതും ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവായിരുന്നു.ഇത് സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയപ്പോൾ, പ്രസ്തുത റോഡ് പൊതുമരാമത്ത് (PWD) വകുപ്പിന് കീഴിലാണെന്നതുകൊണ്ട് പഞ്ചായത്തിന് നേരിട്ട് ഫണ്ട് വെയ്ക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എങ്കിലും യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം കണക്കിലെടുത്ത് പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടുകയും താൽക്കാലിക പരിഹാരം ഉറപ്പാക്കുകയുമായിരുന്നു.
എടവണ്ണപ്പാറ - ഫാറൂഖ് കോളേജ് - വാഴക്കാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും, ആ റോഡിന്റെ പണികൾ വരുന്നതോടുകൂടി ഈ റോഡിന് ഡ്രൈനേജും വെള്ളക്കെട്ട് തടസ്സമില്ലാത്ത വിധത്തിലുള്ള ശാശ്വത പരിഹാരവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, സ്റ്റാൻഡിനകത്തെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കാൻ 10 ലക്ഷത്തോളം രൂപയുടെ പദ്ധതി 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബറോടെ ഇതിന്റെ പണികൾ പൂർത്തിയാക്കി ബസ് സ്റ്റാൻഡ് ഇന്റർലോക്ക് ചെയ്ത് നവീകരിക്കുമെന്നും നാട്ടുകാരോട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച പഞ്ചായത്ത് അംഗത്തിനും ഭരണസമിതിക്കും നാട്ടുകാരും വ്യാപാരികളും നന്ദി അറിയിച്ചു.
