നെല്ലിക്കാപറമ്പ് : ഗണപതി ഭഗവാനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കാരശ്ശേരിയിലുള്ള ക്രഷറിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
ക്രഷറിൽ സ്ഥാപിച്ച സുരക്ഷാ മുന്നറിയിപ്പ് പോസ്റ്ററിൽ ഗണപതിയുടെ ചിത്രത്തിനൊപ്പം ‘ദയവായി ഹെൽമറ്റ് ധരിക്കൂ. എന്നെപ്പോലെ മറ്റാർക്കും തലമാറ്റിവെക്കാൻ കഴിയില്ല’ എന്ന് രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം
കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ആദംപടിയിൽ പ്രവർത്തിക്കുന്ന സെൽവ ക്രഷറിലേക്കാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.നെല്ലിക്ക പറമ്പിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് ക്രഷറിലേക്ക് പോകുന്ന റോഡിൽ തടഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഡ്വ. കെ വി രജീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
വിഷയത്തിൽ സെൽവ ക്രഷറിനെതിരെ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാവുമെന്നും രജീഷ് പറഞ്ഞു.
ഹിന്ദു ഐക്യവേദിജില്ലാ വൈസ്പ്രസിഡന്റ് വേലായുധൻ കൂമ്പാറ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി മുക്കം മണ്ഡലം ജോയിൻ സെക്രട്ടറി രതീഷ് തുടങ്ങിയവർ മാർച്ചിൽ സംസാരിച്ചു.
Ad
Tags:
NELLIKKAPARAMBA



