✒️മജീദ് കൂളിമാട്
കൂളിമാട് : കുന്ദമംഗലം - തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ കടവിൽ ഇരുവഴിഞ്ഞിപ്പുഴക്കു മീതെ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുക്കം ചെറുവാടി റോഡ് ഗതാഗതയോഗ്യമാകുന്നതിൻ്റെയും ഇടവഴിക്കടവ് പാലം യാഥാർത്ഥ്യമാകുന്നതിൻ്റെയും മുമ്പ് മാവൂർ, കൂളിമാട് ഭാത്തുനിന്ന് കൊടിയത്തൂർ, കാരശ്ശേരി ഭാഗങ്ങളിലേക്ക് എത്താൻ ജനങ്ങൾ പതിറ്റാണ്ടുകൾ ആശ്രയിച്ചിരുന്ന കടവിൽ 2015 ലാണ് തൂക്കുപാലം നിലവിൽ വന്നത്. പുഴയുടെ ഇരുകരകളിലും റോഡ് സൗകര്യം വർധിക്കുകയും ഗതാഗതം ശക്തമാവുകയും ചെയ്തതോടെ ഇരുചക്ര വാഹന യാത്രാ സൗകര്യം പോലുമില്ലാത്ത തൂക്കുപാലം പുതിയ കാലത്ത് അപ്രസക്തമാണെന്ന തിരിച്ചറിവാണ് കോൺക്രീറ്റ് പാലത്തിൻ്റെ ആവശ്യം ശക്തമായത്. തൂക്കുപാലം അപകടാവസ്ഥയിലായതും സന്ധ്യയായാൽ തെരുവുനായ്ക്കളുടെ ശല്യവും മറ്റും കാൽനടക്കാർ ഭയപ്പെടുന്നു. നന്നേ വീതി കുറഞ്ഞ ഈ കടവിൽ പാലം വരുന്നതോടെ പൊതു ഗതാഗതമില്ലാത്ത വെസ്റ്റ് കൊടിയത്തൂരിൻ്റെ മുഖഛായ മാറുകയും ഈയിടെ ജനകീയമായി വീതി കൂട്ടിയ റോഡുകൾ പ്രയോജനപ്രദമാവുകയും ചെയ്യും. കാരശ്ശേരി ,കാരക്കുറ്റി, കൊടിയത്തൂർ നിവാസികൾക്ക് ചുള്ളിക്കാപറമ്പിലെ ഗതാക്കുരുക്കും തിരക്കുമില്ലാതെ കൂളിമാട്ടിലേക്കും മാവൂർ, മെഡി: കോളേജ് , കോഴിക്കോട് എന്നിവിടങ്ങളിലേക്കും കൂളിമാട് ,
എളമരം പാലം കടന്ന് എയർപോർട്ട്, രാമനാട്ടുകര ദേശീയപാതയിലേക്കും നിർദിഷ്ട പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവെയിലേക്കും പ്രവേശിക്കാം. കേന്ദ്ര ഗവൺമെൻ്റിൻ്റെ പരിഗണനാ ലിസ്റ്റിൽ ഇടം പിടിച്ച ബംഗുളുരു - കൂളിമാട് - മലപ്പുറം പുതിയ ദേശീയ പാത യാഥാർത്ഥ്യമായാൽ പുതിയോട്ടിൽകടവിൻ്റെ ചാരത്തു കൂടെയാവും കടന്നുപോവുക. ചാത്തമംഗലം - കൊടിയത്തൂർ പഞ്ചായത്തുകളെയാണ് നിലവിലെ തൂക്കുപാലം നേരിട്ടു ബന്ധിപ്പിക്കുന്നത്.
