കൊടിയത്തൂർ |കോടികള്‍ മുടക്കി നവീകരിക്കുന്ന കൊടിയത്തൂര്‍ -ചെറുവാടി റോഡിലെ കുന്നുമ്മല്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തെ റോഡ് പ്രവൃത്തി അപകടക്കെണിയായി മാറി.
റോഡ് പ്രവൃത്തിയുടെ മെല്ലപ്പോക്കും ജല്‍ ജീവന്‍ മിഷന്‍ പെെപ്പിടല്‍ കാരണവും റോഡില്‍ നിരവധി അപകടങ്ങളാണ് ദിനേന നടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം പൂര്‍ണ്ണമായി മുടങ്ങി.കനത്ത മഴയില്‍ കുന്നുമ്മല്‍ ഭാഗത്ത് റോഡിന് സമീപത്തെ മൂന്ന് വീടുകളില്‍ വെള്ളം കയറി.ഇവിടെ പുനര്‍ നിര്‍മ്മിക്കുന്ന കലുങ്ക് പ്രവൃത്തിയുടെ അശാസ്ത്രീയ പ്രവൃത്തിയാണ് വീടുകളില്‍ വെള്ളം കയറാന്‍ ഇടയായത്.സമീപത്തെ തോട്ടിലൂടെ വെള്ളം ഒഴുകിപ്പോവാനാകാതെ ആയതോടെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു.രാത്രി വെെകിയും മഴ തുടര്‍ന്നതോടെ വീടുകളില്‍ വെള്ളം നിലനില്‍ക്കുന്ന അവസ്ഥയാണ്.തോട്ടക്കുത്ത് അബ്ദുല്ലക്കുട്ടിയുടെ വീട്ടിലേക്ക് വെള്ളം ഇരച്ച് കയറി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ നശിച്ചിട്ടുണ്ട്.വീട്ടില്‍ നിര്‍ത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി.ഇതിനിടെ റോഡില്‍ ജല്‍ ജീവന്‍ പെെപ്പിടലിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവിന് പരുക്കേറ്റു.തോട്ടക്കുത്ത് സല്‍മാന്‍ ആണ് വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടത്.ഈ റോഡിലെ കൊടിയത്തൂര്‍ മുതല്‍ സൗത്ത് കൊടിയത്തൂര്‍ വരെയുള്ള റോഡ് പ്രവൃത്തി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും കുന്നുമ്മല്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെയുള്ള പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്.
ഇതോടൊപ്പം പെെപ്പിടല്‍ പ്രവൃത്തി കൂടെ നടക്കുന്നതോടെ റോഡ് പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്.നേരത്തെ യാത്രക്കാരുമായി എത്തിയ നിരവധി ബസുകളും വാഹനങ്ങളും കുഴിയില്‍ താഴ്ന്ന് അപകടത്തില്‍ പെട്ടിരുന്നു.ഇതോടെ ഇതുവഴിയുള്ള ബസ് സര്‍വ്വീസും നിര്‍ത്തിവെച്ചിട്ടുണ്ട്.റോഡില്‍ നിന്നും മണ്ണ് ഒലിച്ചിറങ്ങി ചുള്ളിക്കാപറമ്പ് അങ്ങാടിയിലും അപകട ഭീഷണിയായിട്ടുണ്ട്.ഇവിടെ ഡ്രെെനേജ് പ്രവൃത്തിയിലും അശാസ്ത്രീയത നിലനില്‍ക്കുന്നുണ്ട്.കനത്ത മഴ തുടരുന്നതോടെ റോഡ് പ്രവൃത്തിയും നിര്‍ത്തിവെക്കേണ്ടി വരും.
