കൂളിമാട് : ഇന്ന് ജൂൺ 5. ലോക പരിസ്ഥിതിദിനം .വീടുപരിസരം ഹരിതമയമാക്കിയതിൻ്റെ ആത്മ സംതൃപ്തിയിലാണ് പാഴൂരിലെ വി.ടി.എ. റഹ്മാൻമാസ്റ്റർ .
കഴിഞ്ഞ ജൂൺ 5ന്, പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിരുന്നു. പുതിയ വീട്ടിൽ
താമസമാക്കിയതോടെ അവ കൂടുതൽ ശ്രദ്ധിക്കാനും പരിചരിക്കാനും നനയ്ക്കാനും തുടങ്ങിയതിനാൽ ശക്തമായ വേനൽ ചൂടിലും ഹരിതഭംഗി നിലനിർത്തി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും പരിസ്ഥിതി ദിനത്തിൽ ചെടികളും വൃക്ഷങ്ങളും നടുന്നത് നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഈ അധ്യാപകന് പ്രചോദകമായി. എല്ലാ വർഷവും ജൂൺ അഞ്ചിന് പുതിയ ചെടികൾ നടാറുണ്ട്.കഴിഞ്ഞ തവണ നട്ട ചെടികളും വൃക്ഷങ്ങളും ഈ വർഷം പച്ചപിടിച്ച് നിൽക്കുന്നത് കണ്ടു മനം നിറഞ്ഞ സന്തോഷിക്കുകയാണ് ഈ റിട്ട. അധ്യാപകൻ. ഇത്തവണ പുതിയ ചെടികളും മരങ്ങളും തൈകളും ഒന്നും നടാതെ മുൻവർഷങ്ങളിൽ നട്ടതിനെ പരിപാലിക്കാനാണ് മാഷുടെ ഉദ്ദേശം. വീട് മുറ്റത്ത് വർഷങ്ങൾക്കു മുമ്പ് നട്ട പുതിയ ഇനം മാവിൽ ഈ വർഷം 400 ഓളം മാങ്ങകൾ കായ്ച്ചു. വിവിധ രുചികളിലും വലുപ്പത്തിലുമുള്ള മാമ്പഴങ്ങളാണ് അത്.
ആറിനം മാങ്ങകൾ ഉണ്ടാകുമെന്നാണ് പ്രാദേശിക കർഷക പ്രമുഖർ പറഞ്ഞത്. രണ്ടിനം മാങ്ങയാണ് ഇത്തവണ കായ്ച്ചത്. വരും വർഷങ്ങളിൽ മറ്റിനങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ അധ്യാപക പ്രമുഖൻ. മുൻ വർഷം നട്ട ഒരു മാവിൻ തൈ പൂത്ത് ഉണ്ണി മാങ്ങ വിരിഞ്ഞത് ദർശിച്ച് സന്തോഷം പങ്കുവെയ്ക്കുകയാണ് വി.ടി.എ. റഹ്മാൻ മാസ്റ്റർ.
