Flash News

Nattu Media

കനത്ത മഴയും കാറ്റും: കൂളിമാട് വാഴക്കൃഷി വ്യാപകമായി നശിച്ചു

കൂളിമാട്: ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് പ്രദേശത്ത് ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. കാർഷിക മേഖലയെയാണ് പ്രകൃതിക്ഷോഭം ഏറ്റവും രൂക്ഷമായി ബാധിച്ചത്.

വിളവെടുപ്പിന് തയ്യാറായി നിന്നിരുന്ന ആയിരക്കണക്കിന് വാഴകളും മറ്റ് കാർഷിക വിളകളും കാറ്റിൽ നിലംപൊത്തി.

കൂളിമാട്ടെ പ്രമുഖ വാഴ കർഷകനായ അമ്പലപ്പൊറ്റ ആലിയും മക്കളായ സലീമും നജ്മുദ്ദീനും ചേർന്ന് നടത്തിയ വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. ഈ വർഷം നട്ട രണ്ടായിരത്തോളം വാഴകളിൽ 70 ശതമാനവും ഇന്നലത്തെ കാറ്റിൽ ഒടിഞ്ഞുവീണതായി കർഷകർ പറയുന്നു. മികച്ച രീതിയിൽ പരിപാലിച്ചിരുന്ന കൃഷി ഒറ്റയടിക്ക് നശിച്ചതിന്റെ വലിയ ആഘാതത്തിലാണ് ഈ കർഷക കുടുംബം. ഇവരെ കൂടാതെ പ്രദേശത്തെ മറ്റ് നിരവധി കർഷകരുടെ പ്ലാവുകളും കവുങ്ങുകളും കടപുഴകി വീണിട്ടുണ്ട്.

കൃഷിനാശത്തിന് പുറമെ പൊതുമുതലിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കൂളിമാട് സ്ഥാപിച്ചിരുന്ന അക്ഷര ആന്റി ടൊബാക്കോ ഇൻസ്റ്റാളേഷൻ ബോർഡും മറ്റ് സൈൻ ബോർഡുകളും കാറ്റിൽ തകർന്നു വീണു. മനോടികയിൽ റോഡും തകർന്നിട്ടുണ്ട്. വൻ സാമ്പത്തിക നഷ്ടം നേരിട്ട കർഷകർക്ക് അടിയന്തരമായി ഇൻഷുറൻസ് തുകയും മറ്റ് സർക്കാർ ധനസഹായങ്ങളും ലഭ്യമാക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)