ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു മലയാളി ഉൾപ്പെടെ 13 പേർ മരണപ്പെട്ടു. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശിയായ കളരിയുള്ളതിൽ അർജുൻ (30) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി.
മരിച്ചവരിൽ അർജുൻ അടക്കം 12 പേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ്. ദുരന്തത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ ഈ വൻ ദുരന്തം സംഭവിച്ചത്. ഇറാൻ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ ഉൽപാദനം വീണ്ടും തുടങ്ങാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും പുറത്തുവിട്ടിട്ടുണ്ട്. +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിലിലോ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.
