മാവൂരിലെ ഗ്രാസിം കമ്പനിയുടെ 400 ഏക്കറിലധികം വരുന്ന ഭൂമി വികസന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ശ്രദ്ധേയമായ ചർച്ച നടന്നു. കുന്നമംഗലം എം.എൽ.എ MA. റസാഖ് മാസ്റ്റർ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വ്യവസായ-വിവരസാങ്കേതിക വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലി കുട്ടി പദ്ധതിയുടെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
മാവൂരിലെ ഗ്രാസിമിന്റെ ഭൂമി കഴിഞ്ഞ 25 വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് റസാഖ് മാസ്റ്റർ ചൂണ്ടിക്കാട്ടി. പ്രദേശം വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ടുണ്ടെന്നും മികച്ച വ്യവസായ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 21 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകുന്ന ഈ പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും ഐടി ഹബ്ബും സ്ഥാപിക്കുകയാണെങ്കിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും പോലെ ഒരു ഐടി കേന്ദ്രമായി മാവൂരിനെ വികസിപ്പിക്കാനുള്ള സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.മറുപടിയായി മന്ത്രി, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും യോഗങ്ങളും നടന്നിരുന്നുവെന്ന് അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥതയിൽ ബിർള ഗ്രൂപ്പിനും പങ്കാളിത്തമുള്ളതിനാൽ അവരുടെ സമ്മതത്തോടെയാണ് തുടർനടപടികൾ മുന്നോട്ടുപോകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുണ്ടെന്നും അത് കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിലൂടെ പരിഹരിക്കാനായാൽ 400 ഏക്കർ ഭൂമി വികസന ആവശ്യങ്ങൾക്കായി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത മേഖലയിലായിരിക്കും പദ്ധതി നടപ്പാക്കേണ്ടിവരികയെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് ബിർള ഗ്രൂപ്പിന്റെ താൽപര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഷയം അടുത്തിടെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും 400 ഏക്കർ ഭൂമി വികസനത്തിനായി ലഭ്യമാകുന്നത് കോഴിക്കോടിന്റെ വളർച്ചയിൽ വലിയ നാഴികക്കല്ലാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയെ സർക്കാർ മുൻഗണനാ വിഷയമായാണ് കാണുന്നതെന്നും ബിർള ഗ്രൂപ്പിനെ കേരളത്തിലേക്ക് ക്ഷണിച്ച് വ്യക്തിപരമായി കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
മാവൂർ ഭൂമി വികസന പദ്ധതി യാഥാർഥ്യമായാൽ അത് കോഴിക്കോടിന്റെ സാമ്പത്തിക-വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും സഭയിൽ വിലയിരുത്തൽ ഉയർന്നു.
