Flash News

ഷിഗെല്ല രോഗഭീതി; ആരോഗ്യ രംഗത്ത് അനാസ്ഥയെന്ന് ആരോപിച്ച് കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധം

കാരശ്ശേരി: പഞ്ചായത്തിലെ എട്ടാം വാർഡായ അള്ളിയിൽ നാലുവയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. രോഗം സ്ഥിരീകരിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി ആവശ്യമായ ജാഗ്രതാ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നുമാണ് യുഡിഎഫിന്റെ ആരോപണം.

സർവകക്ഷി യോഗം വിളിക്കുകയോ ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ ഭരണസമിതി പരാജയപ്പെട്ടതായും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥലത്തില്ലാത്തതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാത്തതും ആശങ്ക വർധിപ്പിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

പ്രതിഷേധ സമരം കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സമാൻ ചാലുളി ഉദ്ഘാടനം ചെയ്തു. മുൻകാലങ്ങളിൽ രോഗസാധ്യത ഉയരുന്ന ഘട്ടങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയിരുന്നുവെങ്കിലും നിലവിൽ അത്തരം ഇടപെടലുകൾ കാണുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഉളകര അധ്യക്ഷത വഹിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. കോയ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് വീച്ചി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എം. ജാഫർ, മുസീർ പട്ടാംകുന്നൻ, അമീന ബാനു, സീനത്ത് കവടഞ്ചേരി, ഹസീന ബഷീർ എന്നിവർ സംസാരിച്ചു.

ആരോപണങ്ങൾ അടിസ്ഥാനരഹിതവും സമരം രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ 

അതേസമയം യുഡിഎഫിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും സമരം രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പ്രതികരിച്ചു. ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ എന്നിവർ സന്ദർശിച്ചിരുന്നുവെന്നും രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടും കുട്ടി പഠിക്കുന്ന സ്കൂളും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ വീടുകളിൽ ക്ലോറിനേഷൻ നടത്തുകയും ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സമഗ്ര ശുചീകരണ യജ്ഞം നടപ്പാക്കിയിട്ടുണ്ടെന്നും രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും കുട്ടി പഠിക്കുന്ന സ്കൂളിലും പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായും പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ, വാർഡ് അംഗങ്ങൾ എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വാർഡ് അംഗം, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാ പ്രവർത്തകർ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്ത അവലോകന യോഗം ചേർന്നിരുന്നു. തുടർന്ന് പ്രദേശത്ത് വീണ്ടും ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തിയതായും ബോധവത്കരണത്തിന്റെ ഭാഗമായി പതിനായിരത്തോളം നോട്ടീസുകൾ അച്ചടിച്ച് വീടുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രോഗബാധിതനായ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയ്ക്ക് ശേഷം നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പകർച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ പഞ്ചായത്ത് ഓഫീസിൽ സമഗ്ര അവലോകന യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പുമായി ചേർന്ന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)