Flash News

ഷക്കീബ് കൊളക്കാടനെ സ്നേഹോപഹാരത്തോടെ ആദരിച്ചു

ചെറുവാടി: സൗദി അറേബ്യയിലെ റിയാദിൽ ഇരുപത് വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷം മോചിതനായി നാട്ടിലെത്തിയ അബ്ദുൽ റഹീമിന്റെ മോചനശ്രമങ്ങൾക്ക് തുടക്കം മുതൽ നേതൃത്വം നൽകിയ മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഷക്കീബ് കൊളക്കാടനെ ചെറുവാടി കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉപഹാരം നൽകി.

അബ്ദുൽ റഹീം ഫറോക്ക് കോടമ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കുന്ന കാഴ്ച കേരളം മുഴുവൻ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഈ സന്തോഷ നിമിഷത്തിന് പിന്നിൽ വർഷങ്ങളായുള്ള ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും കഥയുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് റിയാദിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഒരു മലയാളിയെ സന്ദർശിക്കാനെത്തിയ മാധ്യമപ്രവർത്തകരായ ഷക്കീബ് കൊളക്കാടനും നജിം കൊച്ചുകലുങ്കും അബ്ദുൽ റഹീമിന്റെ കേസിനെക്കുറിച്ച് അറിയുകയായിരുന്നു. തുടർന്ന് റഹീമുമായി ബന്ധപ്പെടുകയും കേസിന്റെ ഗൗരവം മനസ്സിലാക്കി മാധ്യമങ്ങളിലൂടെ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഗൾഫ് മാധ്യമത്തിലും ദീപികയിലുമായി പ്രസിദ്ധീകരിച്ച വാർത്തകളിലൂടെയാണ് റഹീമിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞത്.

പിന്നീട് റഹീമിന്റെ ജീവൻ രക്ഷിക്കാനും നിയമസഹായം ഉറപ്പാക്കാനും വിപുലമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. റഹീമിന്റെ നാട്ടുകാരെയും സാമൂഹിക പ്രവർത്തകരെയും വിവിധ സംഘടനകളെയും ഏകോപിപ്പിച്ച് മോചനശ്രമങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നതിൽ ഷക്കീബ് കൊളക്കാടൻ നിർണായക പങ്കുവഹിച്ചു. തുടർന്ന് രൂപംകൊണ്ട വിശാലമായ കൂട്ടായ്മ, നിയമപോരാട്ടം, ധനശേഖരണം, സാമൂഹിക ഇടപെടലുകൾ എന്നിവയുടെ ഫലമായാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

റഹീമിന്റെ കേസ് അന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിൽ, ആവശ്യമായ നിയമസഹായവും പിന്തുണയും ലഭിക്കാതെ വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേനെയെന്ന് സാമൂഹിക പ്രവർത്തകർ വിലയിരുത്തുന്നു. അതിനാൽ റഹീമിന്റെ മോചനചരിത്രത്തിൽ ഷക്കീബ് കൊളക്കാടന്റെയും നജിം കൊച്ചുകലുങ്കിന്റെയും സേവനങ്ങൾ ഏറെ സ്മരണീയമാണെന്ന് ചടങ്ങിൽ അനുസ്മരിച്ചു.

മോചനശ്രമങ്ങളുടെ പിന്നിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകർ, ജീവകാരുണ്യ പ്രവർത്തകർ, നിയമവിദഗ്ധർ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി സമൂഹം തുടങ്ങി അനേകം മനുഷ്യസ്നേഹികളുടെ കൂട്ടായ പരിശ്രമമാണ് ഇന്ന് അബ്ദുൽ റഹീമിനെ കുടുംബത്തോടൊപ്പം തിരിച്ചെത്തിച്ചതെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)