മുക്കം: അന്താരാഷ്ട്ര വയോജനദിനാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭ വയോജനങ്ങൾക്കായി വേറിട്ട പരിപാടി സംഘടിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് മുക്കം പി.സി. ടാക്കീസിലായിരുന്നു പ്രത്യേ സിനിമാ പ്രദർശനം.
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ ആണ് പ്രദർശിപ്പിച്ചത്. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി മുന്നൂറോളം വയോജനങ്ങൾ സിനിമ കാണാനെത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉണ്ണിമായ നാലപ്പാട്ട് വയോജനങ്ങൾക്കൊപ്പം മുഖ്യാതിഥിയായി സിനിമ കാണാനെത്തിയത് ആഘോഷത്തിന് വേറിട്ട അനുഭവമായി.വയോജനങ്ങളുടെ മാനസികോല്ലാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി പറഞ്ഞു. വയോജനങ്ങൾക്കായി തുടർന്നും വിവിധ ക്ഷേമ-വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കെ.പി. സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുസ്മിത, വയോജന ക്ഷേമസമിതി ഭാരവാഹികളായ കരണങ്ങാട്ട് ഭാസ്കരൻ, കെ. ബാലൻ എന്നിവർ പങ്കെടുത്തു.

